ന്യൂഡൽഹി: കല, ഡിസൈൻ, സാങ്കേതികവിദ്യ എന്നിവ കോർത്തിണക്കിയുള്ള 'ഓറഞ്ച് ഇക്കോണമി'ക്കു കരുത്തുപകരാൻ വൻ പദ്ധതികൾ പ്രഖ്യാപിച്ചു ധനമന്ത്രി. അനിമേഷൻ, ഗെയിമിംഗ് മേഖലകളിൽ ലക്ഷക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ അനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിംഗ്, കോമിക്സ് (എവിജിസി) മേഖലയ്ക്ക് 2030-ഓടെ 20 ലക്ഷം പ്രഫഷണലുകളെ ആവശ്യമായി വരും. ഇതു മുന്നിൽക്കണ്ട് രാജ്യത്തെ 15,000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും കണ്ടന്റ് ക്രിയേറ്റർ ലാബുകൾ' സ്ഥാപിക്കും. മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസിന്റെ സഹായത്തോടെയാകും ഇതു നടപ്പിലാക്കുക.
പ്രമുഖ വ്യവസായ-ലോജിസ്റ്റിക് ഇടനാഴികൾക്കു സമീപം അഞ്ച് യൂണിവേഴ്സിറ്റി ടൗൺഷിപ്പുകൾ വികസിപ്പിക്കും. കോളജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, നൈപുണ്യ വികസന കേന്ദ്രങ്ങൾ, താമസ സൗകര്യങ്ങൾ എന്നിവയടങ്ങുന്ന ആധുനിക അക്കാദമിക് മേഖലകളായിരിക്കും ഇവ.